തിരുവനന്തപുരം: മണവും രുചിയും നഷ്ടമായില്ലെന്ന് കരുതി കൊറോണ അല്ലെന്ന് വിചാരിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. ഒമിക്രോൺ ബാധിച്ചാൽ മണവും രുചിയും നഷ്ടമാകുന്ന സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊറോണ ബാധിക്കുന്നവർക്ക് മണവും രുചിയും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഡെൽറ്റ വകഭേദത്തിനും ഇത് ഉണ്ടായിരുന്നു. എന്നാൽ ഒമിക്രോൺ ബാധിച്ചാൽ ഈ അവസ്ഥയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.പനി വന്നാൽ മണവും രുചിയും നഷ്ടമായില്ലെന്ന് കരുതി കൊറോണ അല്ലെന്ന് വിചാരിക്കരുത്. കൊറോണ ലക്ഷണങ്ങളുണ്ടായാൽ പരിശോധന നടത്തണം. ലക്ഷണമില്ലാത്ത രോഗികളിൽ നിന്നാണ് വൈറസ് പടരുന്നത്. കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതോടൊപ്പം കൊറോണ ചികിത്സയ്‌ക്കുള്ള മരുന്നുകൾക്ക് ക്ഷാമമുണ്ടെന്ന വാർത്ത മന്ത്രി തള്ളി. മോണോക്ലോണൽ ആന്റിബോഡിക്ക് ക്ഷാമമില്ല. ചികിത്സാ പ്രോട്ടോക്കോൾ അനുസരിച്ചാണ് മരുന്ന് നൽകുന്നത്. വില കൂടുതലായതിനാൽ കൂടുതൽ വാങ്ങിവെക്കാറില്ല. ആവശ്യാനുസരണമാണ് വാങ്ങുന്നത്. ഏത് ഘട്ടത്തിലാണ് മരുന്ന് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത് അതാത് സ്ഥാപനങ്ങളിലെ മെഡിക്കൽ ബോർഡ് ചേർന്നാണെന്നും മന്ത്രി അറിയിച്ചു.