കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 8.89 കോടിയില്‍പരം രൂപയുടെ വികസന പദ്ധതികള്‍ ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. 6.20 കോടി രൂപ ചെലവില്‍ നിര്‍മിച്ച നഴ്‌സിങ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി പരീക്ഷ ഹാള്‍, 40 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ഏഴ്, എട്ട് ന്യൂറോ സര്‍ജറി വാര്‍ഡുകള്‍, ഒരു കോടി രൂപ ചെലവില്‍ കുട്ടികളുടെ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ ജനറേറ്റര്‍, 1.05 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 750 കെ.വി. ജനറേറ്റര്‍, സബ്‌സ്‌റ്റേഷന്‍, 24.11 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച നെഫ്രോളജി ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്നതിന് നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇവയുടെ മികവും കാര്യക്ഷമതയും കൊണ്ടാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സ്ഥാപനമാകാന്‍ ആശുപത്രിക്ക് സാധിച്ചത്.
സാധാരണക്കാരായവരുടെ ചികിത്സക്ക് ആധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഉന്നതിയുടെ പടവുകള്‍ അതിവേഗത്തിലാണ് കടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടു മാസത്തിനുള്ളില്‍ ആദ്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുന്നതാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള തയാറെടുപ്പ് നടക്കുകയാണ്. പ്രവർത്തന പുരോഗതി വിലയിരുത്തി.ഇത് ആരോഗ്യമേഖലയില്‍ വലിയ മാറ്റത്തിന് വഴിതെളിക്കും.
മെഡിക്കല്‍ കോളജില്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
തോമസ് ചാഴികാടന്‍ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസിലി ടോമിച്ചന്‍, ബിജു വലിയമല, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തെ തുടര്‍ന്ന് ജില്ലയിലെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. കോവിഡ് കേസുകള്‍ കുറയുന്നുവെങ്കിലും ജാഗ്രത തുടരേണ്ടതാണ് ആരോഗ്യമന്ത്രി പറഞ്ഞു.