
കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. 500, 2000, 100, 200 ന്റെ നോട്ടുകെട്ടുകളാണ് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകള്‍ കൂട്ടത്തിലുണ്ട്. നോട്ട്‌കെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണല്‍ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്.
ഇന്നാണ് ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഡോ ഷെറി ഐസകിനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് ഡോ. ഷെറി ഐസക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താന്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കില്‍ എത്തിക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് ഡേറ്റ് നല്‍കാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാള്‍ നടത്തിച്ചിരുന്നു.
ഒടുവില്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കില്‍ എത്തിയ പരാതിക്കാരന്‍ ഡോ. ഷെറി ഐസകിന് കൈക്കൂലി നല്‍കിയപ്പോള്‍ മറഞ്ഞുനിന്ന വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.