Spread the love

ടോവിനോ തോമസ് നായകനായി ഓണം റിലീസായി എത്തിയ അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. റിലീസിന് പിന്നാലെ മികച്ച അഭിപ്രായവും കളക്ഷനും സൃഷ്ടിക്കുന്നതിനിടെ ചിത്രത്തെ തേടിയെത്തിയ അപ്രതീക്ഷിത തിരിച്ചടിയെ കുറിച്ച് സംവിധായകൻ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ചർച്ചയാകുന്നത്. ഒരു യാത്രക്കാരൻ പരസ്യമായി ട്രെയിനിലിരുന്ന് ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുന്ന വീഡിയോ അടക്കമാണ് സംവിധായകന്റെ വൈകാരിക കുറിപ്പ്

ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ആണിതെന്നും ഇത് തന്റെ ഹൃദയം തകര്‍ക്കുന്നതാണെന്നുമാണ് കുറിപ്പിൽ ജിതിൻ ലാൽ പറയുന്നത്. തനിക്ക് വേറെ ഒന്നും പറയാൻ ഇല്ല. ടെലഗ്രാം വഴി എആർഎം കാണേണ്ടവർ കാണട്ടെയെന്നും അല്ലാതെ എന്തുപറയാനാണെന്നും ജിതിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ പന്ത്രണ്ടാം തിയ്യതിയാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. ഏട്ടുവർഷം നീണ്ടു നിന്ന യാത്രയായിരുന്നു ഇതെന്ന് സംവിധായകൻ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ടൊവിനോ തോമസിന്റെ അമ്പതാം ചിത്രമായി ഒരുങ്ങിയ അജയന്റെ രണ്ടാം മോഷണം 3 ഡി ചിത്രം കൂടിയാണ്.

റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടിയ ചിത്രം കളക്ഷൻ റെക്കോർഡുകളും സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്. ആഗോളതലത്തിൽ 22 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഇതിൽ 14.45 കോടിയിലധികം രൂപ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നാണ്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമിച്ചത്.

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, രോഹിണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം.

Leave a Reply