സംസ്ഥാനത്ത് ദിവസവും ചൂട് കൂടുന്നതായുള്ള വാർത്തകളും സൂര്യാഘാതവും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത കൂട്ടാം.
എന്താണ് സൂര്യാഘാതം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.
ലക്ഷണങ്ങള്‍?
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചൂടായ ശരീരം, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, ശരീരത്തിലെ ജലം നഷ്ടപ്പെടുക, വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ചര്‍ദ്ദി, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അമിത ക്ഷീണം, സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം, ശ്വാസംമുട്ടല്‍ തുടങ്ങിയവയൊക്കെ സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളാകാം.
സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ?
സൂര്യാഘാതം ഏറ്റതായി തോന്നാല്‍ ആദ്യം വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും. ഫാൻ, എ.സി. എന്നിവയുടെ സഹായത്താലും ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം.ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.
പ്രതിരോധ മാർഗങ്ങൾ?
1. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ച് പാടത്തും പറമ്പിലും ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കൈയില്‍ കരുതുക. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കുന്നതും നല്ലതാണ്.
2. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
3. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
4. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക.
5. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. തൊപ്പി, കണ്ണട എന്നിവ ധരിക്കുന്നതും നല്ലതാണ്.
6. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
7. ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം.പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക.