രാജ്യ തലസ്ഥാനം ഉള്‍പ്പടെ പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. 72 വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ ഉയര്‍ന്ന ചൂടേറിയ ഏപ്രില്‍ മാസമാണ് ഡല്‍ഹിയില്‍ കടന്നു പോകുന്നത്. യുപിയിലെ പ്രയാഗ് രാജില്‍ 47 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 5 സംസ്ഥാനങ്ങളില്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ചൂട് കൂടുകയാണ്. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
കേരളത്തിൽ ഇതിനോടകം തന്നെ എട്ടു ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നു. ഉഷ്ണക്കാറ്റു കൂടിയതാണ് ജനജീവിതം ദുസ്സഹമാകുവാന്‍ കാരണമായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ താപനില 2 ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉഷ്‌ണതരംഗത്തിനെതിരെ കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നാലു ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. പകല്‍ സമയത്ത് ആളുകള്‍ പുറത്തിറങ്ങുന്നതും ജോലി ചെയ്യുന്നതും സര്‍ക്കാര്‍ വിലക്കി. മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കി. മേയ് മാസാവസാനം വരെ ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്കൈമെന്റിന്റെ റിപ്പോര്‍ട്ട്.