ബ്രിട്ടനില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി ആണ് ഇതു. താപനിലയില്‍ കാര്യമായ വ്യതിയാനങ്ങളില്ലെങ്കില്‍ ദേശീയ ഉഷ്ണതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെക്കോർഡ് ഭേദിക്കുന്ന താപനില രാജ്യത്തെ ബാധിക്കുമെന്ന പ്രവചനത്തോടെ ‘ഗുരുതരമായ അസുഖമോ ജീവന് അപകടമോ’ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ലെവൽ ഫോർ ഹീറ്റ്‌വേവിന് സാധ്യതയുണ്ടെന്ന് യുകെഎച്ച്എസ്എ വക്താവും ദി ടെലിഗ്രാഫിനോട് പറഞ്ഞു. രാജ്യത്തെ താപനില 104F (40C) ന് മുകളിൽ എത്തിയാൽ, അത് ആദ്യമായി ലെവൽ ഫോർ ഹീറ്റ് വേവിനുള്ള സാധ്യത കൂട്ടുന്നു. ‘ഞായറാഴ്‌ച മുതൽ അസാധാരണമാം വിധം ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും’ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. 2019-ൽ സ്ഥാപിച്ച 101.6F (38.7C) എന്ന നിലവിലെ ഏറ്റവും ഉയര്‍ന്ന താപനിലയുടെ റെക്കോർഡ് തകർത്ത് 104F (40C) ന് മുകളിലുള്ള താപനിലയിലേക്ക് ചൂട് ഉയരാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.