Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. തെക്കൻ കേരളത്തിലാണ് പ്രധാനമായും രാത്രി വൈകിയും മഴ ശക്തമായി തുടരുന്നത്. മലയോരമേഖലയിലും സാഹചര്യം രൂക്ഷമായി തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേ‍ർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ് എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന്‍ മരിച്ചത്. ഇയാള്‍ക്ക് ഒപ്പുണ്ടായിരുന്ന ഈ റോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കിൽപ്പെട്ടാണ് അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര സഹായത്തിനായി 101 വിളിക്കണമെന്ന് ഫയർ ഫോഴ്സ് അറിയിച്ചിട്ടുണ്ട്.

നെടുമങ്ങാട്, മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലുക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതേസമയം തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലും കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1) ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ , എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കോട്ടയത്താകട്ടെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി
താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply