Spread the love
കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കക്കയം ഡാം തുറന്നു. മംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് അതീവ ജാഗ്രതാനിർദേശം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന മഴക്ക് ഇന്നും ശമനമില്ല. അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം കേന്ദ്ര അറിയിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ
മഴക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമിന്റ ഷട്ടറുകൾ തുറന്നു.

ഇതോടെ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് ഉയർന്നു. തീരങ്ങളിൽ താമസിക്കുന്നവർക്ക് കളക്ടർ മുന്നറിയിപ്പ് നൽകി. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പാലത്തിനു മുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പെരുവണ്ണാമുഴി -ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് കണ്ണൂർ ചെമ്പിലോട്ട് വയോധിക മരിച്ചു.
കാസർകോട് കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി പെയ്യുന്ന മഴയിൽ പല ഭാഗങ്ങളിലും റോഡുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കർണാടകയിൽ മംഗളുരു, ഉഡുപ്പി ജില്ലകളിലും മഴ ശക്തമാണ്. രണ്ട് ദിവസത്തേക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply