തൊടുപുഴ : ഇടുക്കി ജില്ലയിൽ 2 ദിവസമായി പെയ്ത കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു 2 ഡാമുകൾ തുറന്നു. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പാെന്മുടി ഡാമും കല്ലാർ ഡാമുമാണ് ഇന്നലെ തുറന്നത്. 28 വരെ ജില്ലയിൽ ശക്തമായ മഴ ലഭിച്ചേക്കാമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. നെടുങ്കണ്ടം ഗജേന്ദ്രപുരത്തു മരം വീണു വീടു തകർന്നു. കട്ടപ്പന ഇരട്ടയാറിൽ ഇടിമിന്നലേറ്റു വീടു തകർന്നു. റോഡുകളിൽ മണ്ണിടിഞ്ഞുവീണു ഗതാഗതം തടസ്സപ്പെട്ടു.
പാെന്മുടി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തതിനാൽ ഒരു ഷട്ടർ 10 സെന്റിമീറ്ററാണു തുറന്നത്. 707.75 മീറ്ററാണു ഡാമിന്റെ പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശത്തു കനത്ത മഴ ലഭിച്ചതോടെ ഡാമിലെ ജലനിരപ്പ് ഇന്നലെ 706.50 മീറ്ററിൽ എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണു കല്ലാറിലെ ജലനിരപ്പ് അതിവേഗം ഉയർന്നത്. ഇതോടെ താന്നിമൂട്- കല്ലാർ റോഡിൽ വെള്ളം കയറാൻ തുടങ്ങിയിരുന്നു. തുടർന്നു കല്ലാർ ഡാമിന്റെ 2 ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി. ഡാം തുറന്നുവിട്ടതോടെ തൂവൽ അരുവിയിൽ ജലനിരപ്പ് ഉയർന്നു. തൂവൽ ചപ്പാത്തിൽ വെള്ളം കയറി.