Spread the love
ജില്ലയില്‍ അടുത്ത നാല് ദിവസം അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ട് ദിവസം റെഡ്, ഓറഞ്ച് അലര്‍ട്

ദുരന്തനിവാരണ സമിതി യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി

മലപ്പുറം: ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം വിളിച്ച് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നും നാലും തീയതികളില്‍ റെഡ് അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ജില്ലയിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മഴക്കെടുതികള്‍ വിലയിരുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കാന്‍ യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണ്. ജില്ലാതലത്തിലും താലൂക്ക്തലത്തിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഏതു സമയവും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം നിലമ്പൂരിലെത്തിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. റെഡ് അലര്‍ട്ടുള്ള ദിവസങ്ങളില്‍ (മൂന്ന്, നാല്) രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയങ്ങളില്‍ നാടുകാണി ചുരം പാതയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചതായും ജില്ലാകലക്ടര്‍ അറിയിച്ചു. അപകട സാധ്യത നിലനില്‍ക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങള്‍, ഹൈ ഹസാര്‍ഡ്, മോര്‍ഡറേറ്റ് ഹസാര്‍ഡ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഓറഞ്ച്/ റെഡ് അലര്‍ട്ടുള്ള സാഹചര്യത്തില്‍ അടച്ചിട്ടുണ്ട്. മഴ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് പഞ്ചായത്ത്/നഗരസഭാതലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും കല്കടര്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ അതത് സമയങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

Leave a Reply