തിരുവനന്തപുരം: കേരളത്തിലെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ തിങ്കളാഴ്ച യെലോ അലർട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
മധ്യകിഴക്കൻ അറബിക്കടലിൽ, കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം ഇന്നലെ രാത്രി 8.30നും 10.30നും ഇടയിൽ പനജിക്കും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. കിഴക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും ബംഗാളിനും വടക്കൻ ഒഡീഷയ്‌ക്കും മുകളിൽ സ്ഥിതി ചെയ്യുന്നു.
കേരളത്തിൽ മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ തെക്കൻ ജില്ലകളിലും ഉച്ചയ്ക്കു ശേഷം മധ്യ–വടക്കൻ ജില്ലകളിലും കനത്ത മഴ ലഭിച്ചു. ഇന്നലെയോടെ 4 മാസം നീണ്ട കാലവർഷ സീസൺ ഔദ്യോഗികമായി അവസാനിച്ചു. ഇനി പെയ്യുന്ന മഴ തുലാവർഷക്കണക്കിലാണ് ഉൾപ്പെടുത്തുക