അരൂർ : ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിൽ തുറവൂർ മുതൽ അരൂർ വരെയുള്ള ഉയരപ്പാത നിർമാണ സ്ഥലത്ത് മണിക്കൂറുകൾ ഗതാഗതക്കുരുക്ക്. കനത്ത മഴയിൽ വെള്ളക്കെട്ടു ശക്തമായതാണു കാരണം. ശനിയാഴ്ചയായതിനാൽ എറണാകുളം, വൈറ്റില, തോപ്പുംപടി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പതിവിലും കൂടുതലായിരുന്നു. അരൂരിൽ നിന്നു തെക്കുഭാഗത്തേക്കായിരുന്നു വാഹനങ്ങളുടെ നീണ്ടനിര. പുതുതായി നിർമിച്ച സർവീസ് റോഡുകളിലും വെള്ളക്കെട്ട് ശക്തമായിരുന്നു.
ഇതുമൂലം വാഹനങ്ങളെല്ലാം നിരങ്ങി നീങ്ങുകയായിരുന്നു. 20 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്തേക്ക് ഒരു മണിക്കൂർ വേണ്ടി വന്നു. ദേശീയപാതയിൽ പല ഭാഗത്തും രൂപംകൊണ്ട കുഴികൾ അടയ്ക്കാത്തതും വാഹനങ്ങളുടെ നിരങ്ങിനീങ്ങാൻ കാരണമായി. ഉയരപ്പാത നിർമാണ സൈറ്റുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തൂണുകളുടെ കുഴികളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മോട്ടർ പ്രവർത്തിപ്പിച്ച് വെള്ളം ഒഴുക്കിക്കളയുന്നുണ്ട്. ചില ഭാഗങ്ങളിൽ ബിറ്റുമിൻ ഉപയോഗിച്ചാണ് സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയത്.