തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ. വിവിധ ജില്ലകളിലും മലയോരമേലകളിലും ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. കോഴിക്കോട്ടെ ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു.
കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ ചപ്ര ബനിയപ്പൂർ സ്വദേശികളും മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപ്പെട്ട മൂന്ന് പേരെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു.
വിശാഖപട്ടണത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതാണ് സംസ്ഥാനത്തെ പൊടുന്നനെയുള്ള ശക്തമായ മഴയ്ക്ക് കാരണം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, പാലക്കാട്, മല്ലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മത്സ്യതൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശമില്ല. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടർന്നേക്കും.