Spread the love
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുന്നു. ഇന്ന് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാദ്ധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. റോഡുകളിൽ വെള്ളക്കെട്ടുണ്ട്.

തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ചുള്ളിമാനൂർ – വഞ്ചുവത്ത് റോഡിൽ മണ്ണ് ഇടിഞ്ഞുവീണു. പുലർച്ചെ നാല് മണിയോടെയാണ് മൺതിട്ട ഇടിഞ്ഞ് റോഡിൽ വീണത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള ശ്രമം തുടരുന്നു.

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Leave a Reply