Spread the love

കുളു∙ കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ 9 കെട്ടിടങ്ങൾ കൂടി തകർന്നു. ബുധനാഴ്ച മാത്രം 12 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. നാനൂറിലധികം റോഡുകൾ തകർന്ന് ഗതാഗതം മുടങ്ങി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലും നിരവധി വീടുകൾ തകർന്നു. അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷിംല ഉൾപ്പെടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കുളു അന്നി പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകരുകയും നൂറോളം വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ആരും അപകടത്തിൽപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. സ്ഥലം വിട്ടുപോകണമെന്ന് ഇവിടുത്തെ താമസക്കാർക്ക് ഒരാഴ്ച മുൻപ് തന്നെ നിർദേശം നൽകിയിരുന്നു. കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ഡിയിലേക്കുള്ള റോഡ് തകർന്നതോടെ പത്ത് കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വന്നവർക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സ്ഥിതിയായിരുന്നു. മണ്ഡി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതെന്ന് ഡപ്യൂട്ടി കമ്മിഷണർ അരിന്ദം ചൗധരി പറഞ്ഞു.ജൂൺ 24 മുതൽ മഴക്കെടുതിയിൽ ഇതുവരെ 238 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 40 പേരെ കാണാതായി. ഈ മാസം മാത്രം 120 പേർ മരിച്ചുവെന്നും അധികൃതർ അറിയിച്ചു.

Leave a Reply