തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ. ഉച്ചയ്ക്ക് ശേഷമാണ് കനത്ത കാറ്റോട് കൂടി മഴയെത്തിയത്. അടുത്ത മണിക്കൂറുകളിൽ മഴ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൂടി വ്യാപിക്കും എന്നും മണിക്കൂറിൽ 40 കീലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. കനത്ത മഴയ്ക്ക് പിന്നാലെ അരുവിക്കര ഡാമിൻ്റെ രണ്ടാമത്തെ ഷട്ടർ വൈകിട്ട് ഇരുപത് സെൻ്റി മീറ്റർ ഉയർത്തുമെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാന് സമീപത്തായി ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ ചക്രവാതച്ചുഴി തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.