തൃശൂർ : അപ്രതീക്ഷിതമായി ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ നഗരത്തിലെ വിവിധ ഇടങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി.വൈകിട്ട് ആറു മുതൽ തുടങ്ങിയ ശക്തമായ മഴ 2 മണിക്കൂറോളം തുടർന്നതോടെയാണു താഴ്ന്ന പ്രദേശങ്ങൾ മിക്കവയും വെള്ളത്തിനടിയിലായത്. പ്രധാന റോഡുകളിൽ വലിയ വെള്ളക്കെട്ടു രൂപപ്പെട്ടു ഗതാഗതം കുരുങ്ങി. മഴവെള്ളപ്പാച്ചിലിൽ ഓടകളിലെ മാലിന്യം കാരണം റോഡുകളിൽ ചെളിവെള്ളം നിറഞ്ഞതാണു ഗതാഗതം താറുമാറാക്കിയത്. ഇരുചക്ര വാഹന യാത്രക്കാർ വെള്ളക്കെട്ടിൽ ദുരിതത്തിലായി.
ഒട്ടേറെ വാഹനങ്ങൾ വെള്ളം കയറി തകരാറിലായി. ശക്തൻ സ്റ്റാൻഡിലേക്കും പരിസരത്തും മാലിന്യമുൾപ്പെടെയുള്ളവ കലർന്ന വെള്ളം ഒഴുകിയെത്തി. ജോലി കഴിഞ്ഞു വീടുകളിലേക്കു മടങ്ങാൻ ശക്തൻ സ്റ്റാൻഡിലെത്തിയവർ ഉൾപ്പെടെ കനത്ത മഴയിൽ കുടുങ്ങി. ശക്തൻ സ്റ്റാൻഡ് പരിസരം, ടിബി റോഡ്, ഇക്കണ്ട വാരിയർ റോഡ്, കൊക്കാല ജംക്‌ഷൻ തുടങ്ങിയവ വെള്ളക്കെട്ടിലായി.
ടിബി റോഡിൽ കാസിനോ, അശോക ഹോട്ടലുകൾക്കു മുൻവശം കാൽമുട്ടോളം വെള്ളമുണ്ടായിരുന്നു. അപ്രതീക്ഷിത മഴയിൽ സ്വരാജ് റൗണ്ടിലും വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. മുണ്ടുപാലം ജംക്‌ഷൻ, അശ്വിനി ആശുപത്രി പരിസരം, ചേറൂർ, പെരിങ്ങാവ് ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇക്കണ്ട വാരിയർ റോഡിൽ ഇരുഭാഗത്തും കനത്ത വെള്ളക്കെട്ടായിരുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള നഗരത്തിലെ ഓടകളും തോടുകളും മണ്ണും മാലിന്യവും നിറഞ്ഞു കിടക്കുന്നതാണു തിരിച്ചടിയായത്.