ഹെൽമറ്റ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് മുടിക്കൊഴിച്ചിലും താരനും. ഹെൽമെറ്റിൽ വിയർപ്പ് തങ്ങിനിൽക്കുന്നതാണ് ഇതിന് പ്രധാനകാരണം. സ്ത്രീകളേക്കാൾ പുരുഷന്മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തല ഫുൾ കവർ ചെയ്യുന്ന ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കാണ് മുടക്കൊഴിച്ചിൽ, താരൻ എന്നിവ ഉണ്ടാകുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാനാവും.
ഒരുപാട് സമയം ഹെൽമറ്റ് വയ്‌ക്കുമ്പോൾ സ്വഭാവികമായും തലയിൽ ചൂട് കയറും. ഇത് മുടിയുടെ ആരോഗ്യത്തിനും ദോഷകരമാണ്. ഹെൽമറ്റ് വയക്കുന്നതിന് മുമ്പ് ഹാൻഡ് കർച്ചീഫ് പോലെ എന്തെങ്കിലും മുടിയുടെ മുകളിലായി വയ്‌ക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ഇങ്ങനെ ഉപയോഗിക്കുന്ന തുണി രണ്ട് ദിവസത്തിൽ കൂടുതൽ കഴുകാതെ ഉപയോഗിക്കരുത്.ഹെൽമെറ്റിൽ വിയർപ്പ് തങ്ങിനിൽക്കുന്നത് ഫംഗസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ഹെൽമറ്റ് മാറി ഉപയോഗിക്കുന്നവർക്കും ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
മറ്റുള്ളവരുടെ ഹെൽമറ്റ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം.വിയർപ്പ് തങ്ങി നിൽക്കാതിരിക്കാൻ ഹെൽമറ്റ് രണ്ടാഴ്ചയിൽ ഒരിക്കൽ കഴുകുകയോ, അല്ലെങ്കിൽ വെയിലത്ത് വച്ച് ഉണക്കുകയോ ചെയ്യണം. വിയർപ്പ് എവിടെ തങ്ങി നിൽക്കുന്നുണ്ടോ അവിടെ മൈക്രോ ഓർഗാനിസം പോലുള്ള ഫംഗസുകൾ വളരും. ഇത് താരൻ ഉണ്ടാകാനും കാരണമാകുന്നു. രണ്ട് ആഴ്ചയിൽ ഒരിക്കൽ ഹെൽമറ്റ് നിർബന്ധമായും കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്. കഴുകിയ ഹെൽമറ്റ് വെയിലത്ത് വച്ച് തന്നെ ഉണക്കിയെടുക്കാനും മറക്കരുത്.