Spread the love

അപകടത്തിൽപെട്ട ആളിന്റെ സൂക്ഷിക്കാൻ ഏൽപിച്ച സ്വർണവുമായി രക്ഷകനായി ചമഞ്ഞ ആൾ കടന്നുകളഞ്ഞു. ചെങ്ങന്നൂർ അങ്ങാടിക്കൽ-പുത്തൻകാവ് റോഡിൽ കത്തോലിക്കപള്ളിക്ക് സമീപമാണ് സംഭവം. അപകടത്തിൽപെട്ടയാളിനെ സഹായിക്കാനെത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും പരിശോധനകൾക്കിടയിൽ സഹായിയായി വന്നയാളിനെ ഊരി ഏൽപിച്ച സ്വർണവുമായി കടന്നു കളയുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തരമണിയോടെയാണ് സംഭവം. ചെങ്ങന്നൂർ നഗരത്തിലെ ഓക്‌സിജനിലെ ജീവനക്കാരനായ ജിബിൻ പത്തനംതിട്ടയിലെ എഴുമറ്റൂരിൽ നിന്നും ജോലിക്കായി ബൈകിൽ വരുമ്പോൾ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജിബിനെ ഉടൻ തന്നെ അപകടത്തിൽപെട്ട കാറിൽ വന്നവരും മറ്റ് രണ്ടു പേരും കൂടി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

കൈക്ക് പൊട്ടൽ ഉണ്ടായിരുന്നതിനാലും ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. ഈ സമയമെല്ലാം വളരെ സജീവമായി തന്നെ സഹായിയായി യുവാവ് ആശുപത്രിയിൽ ഉണ്ടായിരുന്നു. അപകട വിവരമറിഞ്ഞെത്തിയ സുഹൃത്തായ രാജീവാണ് ജിബിനെ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോയത്. സഹായിയായ യുവാവും കാറിൽ കൂടെ ഉണ്ടായിരുന്നു.

കാഷ്വാലിറ്റിയിൽ കയറ്റുമ്പോൾ യുവാവാണ് കൂടെ കയറിയത്. രാജീവ് ഇവരെ ഇറക്കിയ ശേഷം കാർ പാർക് ചെയ്തവന്നപ്പോഴേക്കും പ്രോട്ടോകാൾ പ്രകാരം കാഷ്വാലിറ്റിയിൽ കയറാൻ ആശുപത്രി അധികൃതർ അനുവദിച്ചില്ല. ഈ സമയം ജിബിന്റെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിരുന്നു. ഏകദേശം 12 മണി ആയപ്പോൾ സഹായിയായി വന്ന യുവാവ് തിരികെ പോകണം എന്നാവശ്യപ്പെട്ടു. അപകടത്തിൽ പെട്ടപ്പോൾ സഹായിച്ച വ്യക്തിയല്ലേ എന്ന് കരുതി രാജീവ് തന്നെ ഇയാളെ തിരികെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിവരെ കൊണ്ടുവിട്ടു.

പേര് അനന്തു എന്നാണെന്നും ആറന്മുളയിലുള്ള ഒരാളുടെ ടിപർ ലോറി ഓടിക്കുകയാണ് എന്നൊക്കെയാണ് യുവാവ് രാജീവിനോട് പറഞ്ഞത്. ചെങ്ങന്നൂരിൽ നിന്നും തിരികെ രാജീവ് പുഷ്പഗിരി ആശുപത്രിയിൽ എത്തിയപ്പോഴാണ് സഹായി സ്വർണവുമായി കടന്നതാണെന്ന വിവരം അറിയുന്നത്. ആശുപത്രിയിൽ എക്‌സ്‌റേയെടുക്കാൻ നേരം ജിബിന്റെ മൂന്നു പവനോളം തൂക്കം വരുന്ന സ്വർണമാല ഈ സഹായിയെ ഏൽപിച്ചിരുന്നു. ഇതുമായാണ് കടന്നു കളഞ്ഞത്.

സഹായി നൽകിയ ഫോൺ നമ്ബറും തെറ്റായിരുന്നു. ചെങ്ങന്നൂർ, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. ഫോടോയിൽ കാണുന്ന ഈ തട്ടിപ്പുകാരനെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ 9562236309 എന്ന നമ്ബരിലോ 9562236309 അറിയിക്കുക.

Leave a Reply