ഗൂഡല്ലൂർ∙ ഉപ്പട്ടിയിൽ രാവിലെ കാട്ടാനക്കൂട്ടമിറങ്ങി. ഉപ്പട്ടി- പന്തല്ലൂർ റോഡിലെ പെരുങ്കരയിൽ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം റോഡിലൂടെ നടന്നു നീങ്ങി . 4 മുതിർന്ന ആനകളും 2 കുട്ടികളുമടങ്ങിയ സംഘമാണ് രാവിലെ ഏഴരയോടെ റോഡിലൂടെ നടന്നത്. രാവിലെ തോട്ടങ്ങളിൽ പണിക്കു പോകുന്ന തൊഴിലാളികൾ ആനക്കൂട്ടത്തെ കണ്ട് ഭയന്ന് ഓടി രക്ഷപ്പെട്ടു.
ഭാഗ്യം കൊണ്ടാണ് കാട്ടാനയുടെ മുൻപിൽ ആളുകൾ രക്ഷപ്പെട്ടത്. കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഉപ്പട്ടി- പന്തല്ലൂർ റോഡിൽ ഉപരോധം നടത്തി. വനം വകുപ്പ് കാട്ടാനകളെ തുരത്താമെന്ന ഉറപ്പിൽ നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു. സമരത്തെ തുടർന്ന് അരമണിക്കൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു.