Spread the love

ഉറക്കം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ്. എന്നാൽ പലർക്കും നല്ല രീതിയിലുള്ള ഉറക്കം ലഭിക്കാറില്ല. പിന്നീടത് ശാരീരികവും മാനസികവുമായ പല പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. നല്ല ഉറക്കം കിട്ടാൻ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കുക എന്നത്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾക്കും ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതും നല്ല ഉറക്കത്തിന് തടസമാണ്. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് തൊട്ടുമുൻപായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക.ഉറങ്ങുന്നതിന് തൊട്ടുമുൻപ് വെള്ളം കുടിക്കുന്ന പതിവുണ്ടെങ്കിൽ അതും നിർത്തുന്നത് നല്ലതാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിന് ഒരു കൃത്യസമയം വച്ചാൽ ദിവസങ്ങൾ കൊണ്ടുതന്നെ ആ സമയത്ത് തന്നെ സ്വാഭാവികമായി ഉറക്കം വരും. അതേപോലെ പകൽ ഉറങ്ങുന്ന ശീലമുള്ളവരാണെങ്കിൽ ആ ശീലം ഉപേക്ഷിക്കണം. പകൽ ഉറങ്ങിയാൽ രാത്രി ഉറക്കം വരാതെ കിടക്കുന്നവർ ധാരാളമാണ്.

മറ്റൊന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണമായി മാറ്റി വയ്‌ക്കുക എന്നതാണ്. ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നീലവെളിച്ചം പുറപ്പെടുവിക്കാറുണ്ട്, അത് ഉറക്കത്തെ സ്വാധീനിക്കുന്ന മെലറ്റോണിന്റെ അളവ് കുറയ്‌ക്കും. മെലറ്റോണിന്റെ അളവ് കുറഞ്ഞാൽ ഉറങ്ങാൻ പ്രയാസമായിരിക്കും. മാത്രമല്ല. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം ഉറക്കത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കുകയും തലച്ചോറിനെ ജാഗ്രതയോടെ നിർത്തുകയും ചെയ്യുന്നു.

Leave a Reply