മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും ഒന്നാം ഭാഗത്തിന് എന്നപോലെ തന്നെ വലിയ സ്വീകാര്യതയാണ് മലയാളികൾ സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികളും മറ്റു സിനിമ പ്രേമികളും. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്.
“ദൃശ്യം മൂന്നാം ഭാഗം ഒരുങ്ങുമ്പോൾ സമ്മർദ്ദമുണ്ട്. അത് സ്വാഭാവികമാണല്ലോ.. കാരണം ആകാശത്തോളം ഉയരത്തിലാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷകൾ. ദൃശ്യം ചെയ്യുമ്പോൾ രണ്ടാം ഭാഗം മനസിലുണ്ടായിരുന്നേ ഇല്ല. രണ്ടാം ഭാഗത്തിന്റെ പ്ലാൻ വന്ന സമയത്ത് എന്റെ ഭാര്യ ലിൻഡയും മക്കളുമൊക്കെ ഇത് വേണോ എന്ന് ചോദിച്ചു. എഴുതി നോക്കട്ടെ ഓക്കെ അല്ലെങ്കിൽ വിട്ടു കളയാം എന്നായിരുന്നു എനിക്ക്. പക്ഷേ എഴുതിക്കഴിഞ്ഞപ്പോൾ മക്കൾ വന്നു പറഞ്ഞു ഡാഡി ഇത് നല്ല സിനിമയാണ് എത്ര ഓടും എന്നൊന്നും അറിയില്ല, പക്ഷേ നല്ല സിനിമയാണ് നമുക്ക് ചെയ്യാം എന്ന്. നിലവിൽ നാല് പേർക്കെ മൂന്നാം ഭാഗത്തിന്റെ കഥ അറിയൂ. എന്റെ പിള്ളേർക്കും എന്റെ ഒരു സുഹൃത്തിനും പിന്നെ എനിക്ക് തിരക്കഥ ടൈപ്പ് ചെയ്തു തരുന്ന മറ്റൊരു സുഹൃത്തിനും മാത്രമേ കഥ അറിയൂ. അവരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇതൊരു നല്ല സിനിമയാണ്, പക്ഷേ ആൾക്കാർ വേറെ ലെവലിലൊക്ക പ്രതീക്ഷിച്ച് വന്നാൽ എന്താകുമെന്ന് എനിക്ക് പറയാനാകില്ല. ഞാൻ ആ ചാൻസ് എടുക്കുകയാണ്”.. ജീത്തു പറയുന്നു.









