സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അറസ്റ്റിൽ. അദ്ദേഹത്തെ നൈജീരിയക്ക് കൈമാറിയേക്കുമെന്നാണ് വിവരം. കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചിരുന്നു. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഗിനിയുടെ നീക്കം. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ജീവനക്കാർ തടവിലായ ഓഗസ്റ്റ് മുതൽ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുമെന്നും ഗിനിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.