Spread the love
മഴക്കാല ഡ്രൈവിങ്ങിലെ ഒളിച്ചിരിക്കുന്ന അപകടം; അക്വാ പ്ലെയിനിങ്.

നല്ല മഴയുള്ളപ്പോൾ ടാറിട്ട റോഡിൽ വാഹനങ്ങൾക്ക് ബ്രെയ്ക്ക് കിട്ടാത്ത വരികയും തെന്നി തെറിക്കുകയും ചെയ്യുന്നത് ഒരു ഭീഷണിയാണ്. അക്വാ പ്ലെയിനിങ് ആയിരിക്കും ഇതിന് പിന്നിൽ. ജലപാളി പ്രവർത്തനം അഥവാ അക്വാ പ്ലെയിനിങ്ങിനെപ്പറ്റി സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ടയറിന്റെ വേഗത കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തത് കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും.അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാ പ്ലെയിനിങ്. വാഹനത്തിന്റെ വേഗത വർദ്ധിക്കുന്നതോടു കൂടി അക്വാ പ്ലെയിനിങ് സാദ്ധ്യതയും കൂടുന്നു. റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും, വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യുന്നു.

ജലപാളി പ്രവർത്തനം (അക്വാ പ്ലെയിനിങ്) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ്. ജലം Spill way ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക. അക്വാ പ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ടയർ സൈസ് – സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിംഗ് കുറക്കും. കൂടാതെ ചില ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലേനിംഗിന് സഹായകരമാകും. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യുന്നതും അപകടം കുറയ്ക്കും.

Leave a Reply