
കരിപ്പൂർ ∙ കുഞ്ഞുടുപ്പുകളിൽ ബട്ടണുകളുടെ രൂപത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഒരു യാത്രക്കാരൻ വിമാനത്താവളത്തിനു പുറത്തും ശരീരത്തിൽ ഒളിപ്പിച്ച സ്വർണ മിശ്രിതവുമായി 3 യാത്രക്കാർ വിമാനത്താവളത്തിനകത്തും പിടിയിലായി. 4 പേരിൽനിന്നായി ഏകദേശം 2 കോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചെടുത്തു .
കാസർകോട് സ്വദേശിയായ മുഹമ്മദ് ബിഷറത്ത് (24) ആണ് ലഗേജിൽ കൊണ്ടുവന്ന, സ്വർണ ബട്ടൺ പിടിപ്പിച്ച വസ്ത്രങ്ങളുമായി പിടിയിലായത്. യാത്രക്കാരൻ കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി വീട്ടിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണ‌് പൊലീസ് പിടിയിലായത് . രഹസ്യവിവരത്തെത്തുടർന്നായിരുന്നു പൊലീസ് നീക്കം. 12 ഉടുപ്പുകളിൽനിന്ന് സ്വർണ ബട്ടണുകൾ കണ്ടെടുത്തു. ഇതിൽ എത്ര സ്വർണമുണ്ടെന്നു സ്ഥിരീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.
അബുദാബിയിൽനിന്നെത്തിയ മലപ്പുറം മീനടത്തൂർ സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീൻ (44), തളിപ്പറമ്പ് സ്വദേശിനി ആശ തോമസ് (33) എന്നിവർ ഡിആർഐയും കസ്റ്റംസും കൂടി നടത്തിയ പരിശോധനയിൽ പിടിയിലായി. ഇരുവരിൽനിന്നുമായി കണ്ടെടുത്ത 2.3 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 2.14 കിലോഗ്രാം സ്വർണം ലഭിച്ചു. ഇതിന് 1.33 കോടി രൂപ മൂല്യമുണ്ട്
അബുദാബിയിൽനിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി യു.ഹാരിസ് (42) 906 ഗ്രാം സ്വർണമിശ്രിതവുമായി പിടിയിലായി. ഇതിൽനിന്ന് 52 ലക്ഷം രൂപയുടെ 842 ഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കാപ്സ്യൂൾ രൂപത്തിലുള്ള മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചാണ് മൂവരും സ്വർണം കടത്താൻ ശ്രമിച്ചത്.