ശബരിമലയിൽ താത്കാലിക ബെയ്‌ലി പാലം നിർമിക്കാൻ ഹൈക്കോടതി അനുമതി
ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്‌ലി പാലം നിർമിക്കാൻ ഹൈക്കോടതിയുടെ അനുമതി.
ബെയ്‌ലി പാലം നിർമിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം ബെയ്‌ലി പാലത്തിന്‍റെ നിർമാണച്ചെലവ് ആര് വഹിക്കും എന്നതിനെച്ചൊല്ലി സർക്കാരും ദേവസ്വം ബോർഡും തർക്കം തുടരുകയാണ്.
നിർമാണച്ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന നിലപാടിലാണ് സർക്കാർ.
എന്നാൽ പാലത്തിന്‍റെ മേൽനോട്ട ചുമതല ജലവിഭവമവകുപ്പിന് ആണെന്നും ഈ സാഹചര്യത്തിൽ സർക്കാരാണ് ചെലവ് വഹിക്കേണ്ടതെന്നും ദേവസ്വം ബോർഡ് കോടതിയിൽ നിലപാടെടുത്തു.
ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി നിർദ്ദേശിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ഞുണങ്ങാറില്‍ ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പണിത താത്കാലിക പാലം ഒഴുക്കി പോയിരുന്നു.