62 വയസ് പൂര്‍ത്തിയായി വിരമിക്കുന്ന അംഗന്‍വാടി ജീവനക്കാരെ തുടരാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമപ്രകാരവും ചട്ടപ്രകാരവും നിയമനം നടത്തുന്നതുവരെ വിരമിക്കുന്നവരെ കരാറടിസ്‌ഥാനത്തില്‍ നിലനിര്‍ത്തണമെന്നാണ് ഉത്തരവ്.
60 ശതമാനത്തിലധികം കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സമഗ്ര ശിശു വികസന പദ്ധതിപ്രകാരമുള്ള അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വിരമിക്കല്‍ പ്രായം കേരളമൊഴികെ എല്ലായിടത്തും 65 വയസാണ്. കേരളമൊഴികെയുള്ള സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അംഗന്‍വാടി ജീവനക്കാരുടെ സേവന വേതന ചട്ടങ്ങള്‍ നിലവിലുണ്ട്. കേരളത്തില്‍ 2016-ല്‍ കരടുചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും അവ നിയമസഭയില്‍ പാസാക്കി പ്രാബല്യത്തില്‍ വന്നിട്ടില്ല. സര്‍ക്കാര്‍ രൂപീകരിച്ച സെലക്‌ഷന്‍ കമ്മിറ്റി രാഷ്‌്രടീയ അതിപ്രസരമുള്ളതിനാല്‍ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജസ്‌റ്റിസ് പി.വി. ആശയുടെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും വിജയിച്ചില്ല.
ഹൈക്കോടതി ഉത്തരവ് മറികടന്നുകൊണ്ട് പഞ്ചായത്തടിസ്‌ഥാനത്തില്‍ വ്യാജ സീനിയോറിറ്റി ലിസ്‌റ്റുണ്ടാക്കുന്നതിനെ ചോദ്യം ചെയ്‌തും തങ്ങളെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ അംഗന്‍വാടി ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹര്‍ജിക്കാരെ തുടരാന്‍ അനുവദിക്കണമെന്നു ജസ്‌റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. നോബിള്‍ മാത്യു ഹാജരായി.