Spread the love

സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം;മദ്യം വാങ്ങാൻ നിയന്ത്രണം ബാധകമല്ലേ?


കൊച്ചി : കടകളിലും ഓഫിസുകളിലും പ്രവേശിക്കാൻ കോവിഡ് വാക്സീൻ ഒരു ഡോസ് എങ്കിലും എടുക്കണമെന്നത് അടക്കമുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിലെ വ്യവസ്ഥകൾ എന്തുകൊണ്ടു ബാറുകൾക്കും മദ്യവിൽപനശാലകൾക്കും ബാധകമാക്കുന്നില്ലെന്നു ഹൈക്കോടതി ചോദിച്ചു. ഇന്നുതന്നെ കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. ബവ്റിജസ് ഔട്‌ലെറ്റുകളിൽ കൂടുതൽ സൗകര്യമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി തൃശൂരിലെ കടയുടമ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണു നിർദേശം.വാക്സീനെടുത്തവർക്കേ മദ്യം ലഭിക്കൂ എന്നുണ്ടെങ്കിൽ വാക്സീനെടുക്കാൻ പലർക്കും പ്രചോദനമാകും. ബാറുകൾക്കും മദ്യവിൽപനശാലകൾക്കും ഇളവു നൽകിയതായി സർക്കാർ ഉത്തരവിൽ കാണുന്നില്ല. അങ്ങനെയെങ്കിൽ ഈ വ്യവസ്ഥ പാലിക്കാതെ മദ്യം വാങ്ങാൻ എങ്ങനെയാണ് അനുവദിക്കുന്നത്? ഏറ്റവും കൂടുതൽ ആൾക്കാർ ഒന്നിച്ചെത്തുന്ന സ്ഥലമാണത്. അവിടെ നിയന്ത്രണങ്ങൾ ഒന്നും ഇല്ല. ജനങ്ങൾ രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് വാങ്ങുകയാണ്. വിശദീകരണം നൽകാമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്നാണ് ഇന്നു മറുപടി നൽകാൻ നിർദേശിച്ചത്.
ലോക്ഡൗണിൽ ഇളവു വരുത്തി ഈ മാസം നാലിനു സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലാണു നിബന്ധനകളുള്ളത്. കടകൾ, മാർ ക്കറ്റുകൾ, ബാങ്കുകൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്നവരും അവിടെ ജോലി ചെയ്യുന്നവരും രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്സീൻ എങ്കിലും എടുത്തവരോ, അല്ലെങ്കിൽ 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരോ അതുമല്ലെങ്കിൽ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവരോ ആകണമെന്നാണു നിബന്ധന.അതേസമയം, കോവിഡ് വാക്സീനെടുക്കാത്തവർക്കു കടകളിലും ഓഫിസുകളിലും പ്രവേശനം അനുവദിക്കരുതെന്ന സർക്കാരിന്റെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂർ മാള സ്വദേശി പോളി വടക്കൻ നൽകിയ ഹർജി സർക്കാരിന്റെ വിശദീകരണത്തിനായി ഹൈക്കോടതി ഇന്നു പരിഗണിക്കും.

Leave a Reply