Spread the love

സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം ;നെഗറ്റീവായി ഒരുമാസം കൂടി കോവിഡ് ചികിത്സാനിരക്ക് പറ്റില്ലെ.


കൊച്ചി : കോവിഡ് നെഗറ്റീവായി ഒരു മാസത്തിനകമുള്ള അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്കുകൾ ബാധകമാക്കാനാകില്ലേ എന്ന് ഹൈക്കോടതി ആരാഞ്ഞു. ഇന്നു നെഗറ്റീവ് ആകുന്നയാൾ നാളെ മുതൽ കോവിഡ് അനന്തര സങ്കീർണത മൂലമുള്ള ചികിത്സയ്ക്ക് ഉയർന്ന തുക നൽകണമെന്ന് എങ്ങനെ പറയാനാകുമെന്നും ചോദിച്ചു.
കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകമുള്ള മരണം കോവിഡ് മരണമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണക്കാക്കുന്നുണ്ട്. അതിനാൽ ഇക്കാലയളവിലെ അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും കോവിഡുമായി ബന്ധപ്പെട്ടതായി കണക്കാക്കണം.– കോടതി വാക്കാൽ പറഞ്ഞു.
കോവിഡ് അനന്തര ചികിത്സയ്ക്കുള്ള നിരക്കുകൾ വ്യക്തമാക്കി പ്രത്യേക ഉത്തരവിറക്കാനുള്ള കാരണമെന്താണ് ? ഓഗസ്റ്റ് 16ലെ ആ ഉത്തരവ് പിൻവലിക്കുന്നതാകും ഉചിതമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. നേരത്തേ തന്നെ നടത്തുന്ന ഡയാലിസിസ്, കീമോതെറപ്പി തുടങ്ങിയവയെക്കുറിച്ചല്ല പറയുന്നത്. കോവിഡിനെത്തുടർന്നു ചിലർക്ക് വൃക്ക, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.വിശദീകരണം അറിയിക്കാമെന്നു സർക്കാർ വ്യക്തമാക്കിയതിനെത്തുടർന്ന് ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.
സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കാതിരിക്കാനാണ് കോവിഡ് അനന്തര ചികിത്സയ്ക്കും നിരക്ക് നിശ്ചയിച്ചതെന്നാണു സർക്കാർ വ്യക്തമാക്കിയത്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവർക്കുള്ള നിരക്കാണ് നിശ്ചയിച്ചത്. കോവിഡും കോവിഡ് മൂലമുള്ള സങ്കീർണതകളും വ്യത്യസ്തമാണെന്നും കോവിഡ് വൈറസ് ബാധ മൂലമാണെങ്കിൽ അനുബന്ധപ്രശ്നങ്ങൾ ഫംഗൽ ബാധ മൂലമാണെന്ന വാദവും ഉന്നയിച്ചു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പുനഃപരിശോധനാ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.

Leave a Reply