കൊച്ചി:ലക്ഷ്യദ്വീപിലെ കിൽത്താൻ ദ്വീപിൽ പ്രതിഷേധ സമരം നടത്തിയതിന് അറസ്റ്റിലായ 23 പേർക്ക് ജാമ്യം നൽകാതെ റിമാൻഡ് ചെയ്ത സംഭവത്തിൽ ഉടൻ റിപ്പോർട്ട് നൽകാൻ കിൽത്താൻ ദ്വീപിലെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു നിർദേശം നൽകി ഹൈക്കോടതി.

കസ്റ്റഡിയിലെടുത്ത തീയതി, ചുമത്തിയ കുറ്റങ്ങൾ എന്നിവbഅടങ്ങുന്നതായിരിക്കണം റിപ്പോർട്ട്. കൂടാതെ കസ്റ്റഡിയിലെടുത്തവരുടെ ആരോഗ്യ അവസ്ഥ കിൽത്താൻ ദ്വീപ് മെഡിക്കൽ ഓഫീസർ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കളക്ടറുടെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കോലം കത്തിച്ചതിനായിരുന്നു അറസ്റ്റ്. റിമാൻഡിലായ ഇവരെ കിൽത്താനിലെ ഓഡിറ്റോറിയത്തിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഇവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രതിഷേധ സമരം നടത്തിയവർക്ക് ജാമ്യം നൽകാമായിരുന്നിട്ടും ജയിലിലടച്ചെന്നും, ഇത് കോവിഡ് വ്യാപനത്തെ തുടർന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ആന്ത്രോത്ത് ദ്വീപ് നിവാസി സയിദ് മുഹമ്മദ് കോയ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താക്,ജസ്റ്റിസ് ഡോ.കൗസർ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.