അട്ടപ്പാടി സന്ദർശിച്ചശേഷം മന്ത്രി കെ. രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, ജി.ആർ.അനിൽ, വീണ ജോർജ്ജ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. പീഡിയാട്രിക് ഐസിയുവിലും, കുട്ടികളുടേയും അമ്മമാരുടേയും പ്രത്യേക വിഭാഗത്തിലും എല്ലാ സൗകര്യങ്ങളും സജ്ജമാക്കും. കോട്ടത്തറ ആശുപത്രിയടക്കം അട്ടപ്പാടി മേഖലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡിസം. 4ന് രാവിലെ 10ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുന്നതിനായി പ്രത്യേക സംഘം കോട്ടത്തറ ആശുപത്രി സന്ദർശിച്ച് വിലയിരുത്തി.
ഹൗസ് സർജ്ജൻമാരടക്കമുള്ള സംഘം ആശുപത്രിയിൽ സേവനത്തിനെത്തും. ഇതിനിടെ കോട്ടത്തറ ആശുപത്രിയിലേക്ക് ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസ് എത്തിച്ചു. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഭക്ഷ്യവകുപ്പ് നൽകുന്ന ഭക്ഷ്യവസ്തുക്കൾ ഊരുകളിലെത്തിച്ചു നൽകാൻ സംവിധാനമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. അട്ടപ്പാടി നിവാസികളുടെ താൽപര്യത്തിനുസൃതമായ ഭക്ഷ്യവസ്തുക്കൾ നൽകും. അട്ടപ്പാടിയുമായി ബന്ധപ്പെട്ട ട്രൈബൽ പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് പ്രത്യേക അനുമതി നൽകുമെന്ന് യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.