ഉയര്‍ന്ന വ്യാപനശേഷിയുള്ള റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയില്‍ രണ്ട് പേരില്‍ സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു. ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗല്‍ബാധ ഒരു പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാന്‍ ഇപ്പോള്‍ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധര്‍ പറയുന്നു.
ഫംഗസ് മൂലം ചര്‍മ്മത്തില്‍ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ് റിങ് വേം. രോഗബാധിതരായ സ്ത്രീകള്‍ക്ക് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൊറിഞ്ഞു തടിച്ചതായി സിഡിസി പറയുന്നു. കഴുത്തിലും നിതംബത്തിലും തുടയിലും വയറിലും വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ രണ്ട് രോഗികളുടെ കുടുംബാംഗങ്ങളും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ ഇവരെല്ലാം നിരീക്ഷണത്തിലാണ്.
ചൊറിച്ചില്‍, വട്ടത്തിലുള്ള തിണര്‍പ്പ്, ചര്‍മ്മം ചുവന്ന് തടിക്കല്‍, രോമം നഷ്ടമാകല്‍ തുടങ്ങിയവയാണ് റിങ് വേമിന്‍റെ ചില ലക്ഷണങ്ങള്‍. അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നത്. ദീര്‍ഘകാലം ഇതിന് ചര്‍മ്മത്തില്‍ തങ്ങി നില്‍ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറയുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.