ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും 2019 മുതല്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, ഈ സംവിധാനം ഇനി പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജി.പി.എസിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇവയില്‍ നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചത്.
ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളിലേക്കുള്ള ആദ്യപടിയായാണ് ഇതിനെ കാണുന്നത്. നമ്പര്‍ പ്ലേറ്റിലെ ജി.പി.എസ്. സംവിധാനത്തിന്‍റെ സഹായത്തോടെ, ഓടുന്ന ദൂരത്തിന് മാത്രം ടോള്‍ ഈടാക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. 2023 ഓടെ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമെന്നും നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 1.5 ലക്ഷം വാഹനങ്ങളില്‍ നിന്ന് ജിപിഎസ് അടിസ്ഥാനത്തില്‍ ടോള്‍ പിരിവ് നടത്തുന്നുണ്ടെന്നും നിതിന്‍ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളില്‍ പകുതി ദൂരം യാത്ര ചെയ്യുന്നവര്‍ പോലും മുഴുവന്‍ ടോള്‍ തുകയും നല്‍കണം. പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതോടെ യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രമേ ടോള്‍ നല്‍കേണ്ടി വരൂ. പുതിയതും പഴയതുമായ എല്ലാ വാഹനങ്ങള്‍ക്കും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഈ സംവിധാനം എല്ലാ വാഹനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.