Spread the love

ഹയർ സെക്കൻഡറി മുന്നാക്ക സംവരണം; കഴിഞ്ഞ വർഷത്തെ തോതിൽ തന്നെ തുടരാൻ സർക്കാർ.


തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാ‍ർഥികൾക്കു ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 10% സംവരണം കഴിഞ്ഞ വർഷത്തേതുപോലെ തുടരാൻ സർക്കാർ തീരുമാനിച്ചു. സംവരണം സുപ്രീം കോടതി വിധിക്കു വിരുദ്ധമാകില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകൾ ഈ വിഭാഗക്കാർക്കു ലഭിക്കും.
ഹയർ സെക്കൻഡറിക്കു കഴിഞ്ഞ വർഷം മുതലാണു മുന്നാക്ക സംവരണം ഏർപ്പെടുത്തിയത്. എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷം എന്നിവർക്കെല്ലാം കൂടി 48% സംവരണ സീറ്റുകളുണ്ട്. 10% മുന്നാക്ക സംവരണം കൂടിയായതോടെ പൊതുവിഭാഗത്തിലെ സീറ്റുകൾ 42% ആയി ചുരുങ്ങി. ആകെ സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണിതെന്നു പരാതിയുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസവകുപ്പ് നിയമവകുപ്പിനെ സമീപിക്കുകയും നയപരമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്കു ഫയൽ കൈമാറുകയും ചെയ്തു. തുടർന്നാണ് എജിയോടു സർക്കാർ നിയമോപദേശം തേടിയത്.മുന്നാക്ക സംവരണം പൊതു വിഭാഗത്തിലുള്ളവർക്കു തന്നെയാണു ലഭിക്കുന്നതെന്നും മറ്റു സംവരണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നുമാണ് എജി നൽകിയ നിയമോപദേശം.
നിലവിലെ സാഹചര്യത്തിൽ മുന്നാക്ക സംവരണ മാർഗനിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കുക . പ്രവേശന നടപടികൾ 24ന് ആയിരിക്കും ആരംഭിക്കുക.എന്നാൽ, വർധിപ്പിക്കുന്ന സീറ്റുകളും സംവരണ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം.
എസ്എസ്എൽസി വിജയിച്ചവരുടെ എണ്ണം പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തെക്കാൾ കൂടുതലായതിനാൽ കാസർകോട് മുതൽ പാലക്കാട് വരെ 20% സീറ്റുകളും തൃശൂർ മുതൽ തിരുവനന്തപുരം വരെ 10% സീറ്റുകളും വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനു മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഈ സീറ്റുകൾ കൂടി കണക്കാക്കിയാവും മുന്നാക്ക സംവരണം തീരുമാനിക്കുക.

Leave a Reply