അബുദാബി :ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ നീട്ടിയതും, ഫലം വൈകുന്നതും പ്രവാസി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.ജൂൺ 21 മുതൽ ജൂലൈ 7 വരെയാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇത് കോവിഡ് സാഹചര്യത്തിൽ നീട്ടുകയായിരുന്നു. മക്കളുടെ പരീക്ഷ കഴിഞ്ഞ് നാട്ടിൽ പോകാൻ തയ്യാറെടുത്തിരുന്ന പല കുടുംബങ്ങളും ഇതിലൂടെ ദുരിതത്തിലായിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസത്തിന് നാട്ടിലും, വിദേശത്തും പോകാനിരുന്ന വിദ്യാർഥികൾക്കാണ് പരീക്ഷ നീളുന്നത് വിനയായത്. പ്രാക്ടിക്കൽ കഴിഞ്ഞു ഫലം വരുമ്പോഴേക്കുംജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ ആകും. പിന്നീട് സേ പരീക്ഷ, അതിന്റെ ഫലം ഇവയെല്ലാം ആകുമ്പോഴേക്കും വീണ്ടും സമയം നീളും.ഇത് ഭാവി പദ്ധതികളെ തന്നെ അവതാളത്തിലാകുമെന്ന് വിദ്യാർഥികൾ പറയുന്നു.
അതേസമയം, ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർഥികൾക്ക് പ്രാദേശിക സ്കൂളുകളിൽ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് പരീക്ഷാ ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുഎയിലെ പരീക്ഷ കോഡിനേറ്റർ നിതിൻ സുരേഷ്. ഇതിന് അനുമതി ലഭിച്ചാൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തന്നെ പരീക്ഷ എഴുതാം. അതേസമയം, എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ റദ്ദാക്കിയതിനെ വിദ്യാർഥികളും രക്ഷിതാക്കളും സ്വാഗതം ചെയ്തിരുന്നു.