
ഗുവാഹത്തി∙ അസമിലെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപരനെ ഉപയോഗിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഉടൻതന്നെ രാഹുലിന്റെ അപരന്റെ പേരുവിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ആരോപണം ഹിമന്ത ബിശ്വ ശർമ ആദ്യം ഉന്നയിച്ചത്. യാത്രയ്ക്ക് ഉപയോഗിച്ച ബസിനു മുകളിൽ ഇരിക്കുന്ന രാഹുൽ ഗാന്ധിയുടെ വാർത്താ ചിത്രത്തിൽ ഉൾപ്പെട്ടത് രാഹുൽ ആയിരിക്കില്ലെന്നായിരുന്നു ആരോപണം. അപരനെ ഉപയോഗിച്ചാണ് രാഹുൽ യാത്ര നടത്തുന്നതെന്നും ഹിമന്ത പറഞ്ഞു.
‘‘ഞാൻ വെറുതേ പറയുകയല്ല. അപരന്റെ പേരും എങ്ങനെയാണ് കാര്യങ്ങൾ നടത്തിയെന്നതിനെക്കുറിച്ചും മറ്റും എല്ലാ വിവരങ്ങളും ഉടൻ പുറത്തുവിടും. കുറച്ചു ദിവസങ്ങൾക്കൂടി കാത്തിരിക്കുക’’ – ശനിയാഴ്ച സോണിപുർ ജില്ലയിലെ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി. ‘‘ഞായറാഴ്ച ഞാൻ ദിബ്രുഗഢിലാണ്. അടുത്ത ദിവസവും ഞാൻ ഗുവാഹത്തിയിലില്ല. തിരിച്ചെത്തിക്കഴിഞ്ഞാൽ അപരന്റെ പേരും വിവരങ്ങളും പുറത്തുവിടുന്നതായിരിക്കും’’ – ഹിമന്ത കൂട്ടിച്ചേർത്തു.
ജനുവരി 18 മുതൽ 25 വരെയായിരുന്നു അസമിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയത്. ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നായിരുന്നു യാത്രയിലുടനീളം രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തത്. യാത്രയ്ക്ക് പല സ്ഥലങ്ങളിലും പ്രവേശിക്കാൻ അസമിലെ ബിജെപി സർക്കാർ അനുമതി കൊടുത്തിരുന്നില്ല. പലപ്പോഴും പൊലീസിന്റെ ബാരിക്കേഡുകൾ തകർത്തു മറികടക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുകയും ചെയ്തു.
തന്നെ അസമിൽ തോൽപ്പിക്കണമെങ്കിൽ എല്ലാ ഗാന്ധിമാരും വരേണ്ടിവരുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു. സോണിയയും രാഹുലും പ്രിയങ്കയും എത്തുന്നതൂകൂടാതെ, പ്രിയങ്കയുടെ മകനെക്കൂടി കൊണ്ടുവരട്ടെ എന്ന നിലപാടിലാണ് ഹിമന്ത. ‘‘അവർക്ക് രാഹുലിൽക്കൂടി അതു നടപ്പാക്കാൻ സാധിച്ചില്ല. ഇനി പ്രിയങ്കയെയും സോണിയയെയും ഇറക്കും’’ – അടുത്തുതന്നെ അസമിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതിനെക്കുറിച്ചായിരുന്നു ഹിമന്തയുടെ പരാമർശം.
അസമിൽ 14 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ 9 എണ്ണം ബിജെപിയുടെ കൈവശമാണ്. കോൺഗ്രസ് – 3, എഐയുഡിഎഫ് – 1, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് സീറ്റുനില. ഇത്തവണ 11 സീറ്റുകളിൽ ഉറപ്പായും വിജയിക്കുമെന്നാണ് ഹിമന്തയുടെ ആത്മവിശ്വാസം. ഇതു 12 ആക്കി ഉയർത്താൻ ശ്രമിക്കുമെന്നും ഹിമന്ത അറിയിച്ചു.