സെലിബ്രിറ്റികളോട് ആരാധന മൂത്ത് പല തരം പ്രാന്ത് ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് ഇന്ത്യക്കാർ. ഇഷ്ട താരങ്ങളുടെ പേരിൽ അമ്പലം കെട്ടി പ്രതിഷ്‌ഠ നടത്തുന്നവരും ശരീരത്തിൽ താരങ്ങളുടെ പേരോ മുഖമോ പച്ചകുത്തുന്നവരും പണം ചിലവഴിച്ച് താരങ്ങളെ സന്തോഷിപ്പിക്കാൻ പരിപാടികൾ നടത്തുന്നവരുമൊക്കെ കാലക്രമേണ നമുക്ക് പരിചിതരാണ്. എന്നാൽ കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകൾ ആരെങ്കിലും മറ്റൊരാളുടെ പേരിൽ എഴുതി ചേർക്കുമോ? അതിപ്പോ എത്രയൊക്കെ ആരാധന മൂത്തെന്ന് പറഞ്ഞാലും. ഇത്തരത്തിൽ ഇഷ്ടതാരത്തിനായി 72 കോടിയുടെ സ്വത്തുക്കൾ ആണ് ഒരു ആരാധിക ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരിൽ ഈയടുത്ത് എഴുതി വച്ചത്.
മുംബൈയില്‍ നിന്നുള്ള വീട്ടമ്മയാണ് നിഷാപാട്ടീല്‍. മാരകമായ രോഗത്തോട് പൊരുതി ജീവിതത്തോട് വിടപറഞ്ഞ നിഷ ജീവിതത്തിലൊരിക്കലും സഞ്ജയ് ദത്തിനെ നേരില്‍ കണ്ടിട്ടുപോലുമില്ല. തനിക്ക് ശേഷം തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നത്രെ. എന്തായാലും സംഭവത്തിലൂടെ സഞ്ജയ് ദത്തിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് നിഷാപാട്ടീല്‍. നിഷയുടെ മരണശേഷം പൊലീസാണ് അവരുടെ വില്‍പ്പത്രത്തില്‍ സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ച കാര്യം താരത്തെ അറിയിച്ചത്.
അതേസമയം ഇത്രയും വലിയ രൂപയാണെങ്കിൽ പോലും സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് സഞ്ജയ് ദത്തിന്‍റെ നിലപാട്. വീട്ടമ്മയെ തനിക്ക് പരിചയമില്ലെന്നും 72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്മില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു
‘ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, മുഴുവന്‍ സംഭവവും എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു’ എന്നുമായിരുന്നു വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതിനു പിന്നാലെ താരം പ്രതികരിച്ചത്.