വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഒന്നിനോടൊന്ന് ചേർത്തുവയ്ക്കാൻ കഴിയുന്ന സിനിമകളിലൂടെയും ബോളിവുഡില്‍ മാത്രമല്ല സൗത്ത് ഇന്ത്യയിലും നിരവധി ആരാധകരുള്ള നടന്‍മാരിലൊരാളാണ് ആയുഷ്മാന്‍ ഖുറാന. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തേ കുറിച്ചും സ്വന്തം പിതാവിൽ നിന്നും ഏൽക്കേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.
തന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു എന്നും ബെൽറ്റും ചെരിപ്പും ഉപയോഗിച്ച് അദ്ദേഹം തന്നെ അടിക്കുമായിരുന്നു എന്നും ആയുഷ്മാൻ ഖുറാന പറയുന്നു. തനിക്ക് അദ്ദേഹം ഒരു ചൈൽഡ്ഹുഡ് ട്രോമയായിരുന്നു. തന്റെ അച്ഛനെപ്പോലെയല്ലാതെ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരച്ഛനാണ് താൻ എന്നും ആയുഷ്മാൻ ഖുറാന പറയുന്നു.
‘എന്റെ അച്ഛൻ ഒരു ഏകാധിപതിയെപ്പോലെയായിരുന്നു. എന്നും ബെൽറ്റും ചെരിപ്പും ഉപയോഗിച്ച് അദ്ദേഹം എന്നെ അടിക്കുമായിരുന്നു. ഞാൻ ഒരു ദിവസം പാർട്ടി കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു. എന്റെ ഷർട്ടിൽ സിഗരറ്റിന്റെ മണമുണ്ടായിരുന്നു. ഞാൻ സിഗരറ്റ് വലിക്കുന്നൊരു ആളായിരുന്നില്ല. പക്ഷേ ഉറപ്പായും ഒരു പാർട്ടിയിൽ പോയി തിരിച്ചു വരുമ്പോൾ വസ്ത്രത്തിൽ ഇത്തരത്തിലുള്ള മണമുണ്ടാകാറുണ്ടല്ലോ? അതിന് എനിക്ക് അദ്ദേഹത്തിൽ നിന്നും നല്ലത് കിട്ടിയിരുന്നു. പണ്ടു മുതലേ ഞാൻ എല്ലാവരോടും പറയുന്നതാണ് ഭായ് എനിക്ക് എന്റെ അച്ഛനെ പേടിയാണ് എന്ന്’, ആയുഷ്മാൻ ഖുറാന പറഞ്ഞു.
‘വിക്കി ഡോണർ’ എന്ന സിനിമ ഇറങ്ങുമ്പോഴേക്കും താനൊരു അച്ഛനായി കഴിഞ്ഞിരുന്നു. കുട്ടികളുണ്ടാവുമ്പോൾ നിങ്ങൾ കുറച്ചു കൂടി നല്ല മനുഷ്യനായി മാറുകയാണ് ചെയ്യുന്നത്. നമ്മൾ കൂടുതൽ സഹാനുഭൂതിയുള്ളവരാകും. കുട്ടികൾ നമ്മളെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുമെന്നും ആയുഷ്മാൻ ഖുറാന കൂട്ടിച്ചേർത്തു.