
ചിറ്റൂർ : അഞ്ചാം ക്ലാസുകാരന് രണ്ടാനച്ഛനിൽ നിന്നേറ്റതു അതിക്രൂര പീഡനം. ചൂരൽ കൊണ്ടു അടിച്ചതിന്റെ പാടുകളാണ് കുട്ടിയുടെ മുതുകിലും തുടകളിലും നിറയെ. അടിയേറ്റ് കുട്ടിയുടെ കണ്ണിന്റെ താഴെയും കൈവിരലിലും ചോര കട്ടപിടിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇരിങ്ങാലക്കുട സ്വദേശി അരുണിനെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
തെക്കൻ ചിറ്റൂരിലെ സ്കൂളിൽ വ്യാഴാഴ്ച എത്തിയ കുട്ടിക്കു ബെഞ്ചിൽ ഇരിക്കാൻ പോലും കഴിഞ്ഞില്ല. അടിയേറ്റ പാടുകൾ കണ്ടു അധ്യാപകർ ചോദിച്ചപ്പോഴാണു രണ്ടാനച്ഛൻ ചൂരൽ കൊണ്ടു പതിവായി മർദിക്കുന്ന വിവരം പുറത്തു വന്നത്. തുടർന്നു സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്നു കുട്ടിയോടു വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണു അതിക്രൂരമായ ചൂരൽ പ്രയോഗത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്.
പുലർച്ചെ മൂന്നു മണിക്കാണു പലപ്പോഴും ചൂരൽപ്രയോഗം നടത്തുന്നതെന്നു കുട്ടി പറഞ്ഞു. പലപ്പോഴും വീട്ടിൽ വികൃതി കാണിക്കുന്നുവെന്ന പേരിലാണു രണ്ടാനച്ഛൻ കുട്ടിയെ അടിക്കുന്നത്. ആരെങ്കിലും ചോദിച്ചാൽ റോഡിൽ വീണതാണെന്നു പറയണമെന്നു അമ്മ പറഞ്ഞിരുന്നതായും കുട്ടി പൊലീസിനോടു പറഞ്ഞു.