മുംബൈ: വഴക്കിനിടെ അടിയേറ്റു, ബോധംകെട്ടുകിടന്ന ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറിയർ കമ്പനി ഡെലിവറി ഏജന്റായ രൻജീത് രാജേഷ് ദേവേന്ദ്ര ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മുംബൈയിലെ അംബേദ്കർ നഗറിലാണ് ഭാര്യ അഭിരാമി(20)ക്കൊപ്പം രൻജീത് താമസിച്ചിരുന്നത്. രൻജീതിന്റെ കുടുംബവും സമീപത്തുതന്നെയാണു താമസിച്ചിരുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഫലമായി രൻജീത് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൈവിട്ടുപോയപ്പോൾ രൻജീത് അഭിരാമിയെ തല്ലി. അവർ താഴെ വീണു. പിന്നീട് വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതോടെ ഭാര്യ മരിച്ചെന്നു കരുതി ഇയാള്‍ തൂങ്ങി മരിച്ചെന്നാണു നിഗമനം.
അവർക്ക് പിന്നീട് ബോധം വന്നപ്പോൾ രൻജീതിന്റെ മൃതദേഹം സീലിങ്ങിൽ തൂങ്ങിക്കിടക്കുന്നതാണ് കാണുന്നത്. ഉടൻതന്നെ രൻജീതിന്റെ മാതാപിതാക്കളെ അറിയിച്ച് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ‘‘രൻജീത് തല്ലിയതിനെത്തുടർന്ന് ബോധം പോയെന്നും പിന്നീടു നോക്കുമ്പോൾ തൂങ്ങിനിൽക്കുന്നതാണ് കാണുന്നതെന്നുമാണ് ഭാര്യ അഭിരാമിയുടെ മൊഴി. പ്രാഥമികമായി സംഭവത്തിൽ മറ്റിടപെടലുകൾ ഒന്നും കാണുന്നില്ല. അന്വേഷണം തുടരുന്നുണ്ട്’’ – വഡാല ടിടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ധ്യാനേശ്വർ അർഗാഡെ പറഞ്ഞു.