ഗുരുഗ്രാം ∙ ഭാര്യയുടെ കഴുത്തറത്തു കൊന്ന ശേഷം യുവാവ് മെട്രോ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഡിഎൽഎഫ് ഫേസ് 3യിൽ താമസിക്കുന്ന ഗൗരവ് ശർമയാണ് കൗശാംബി മെട്രോ സ്റ്റേഷനിൽ ട്രെയിനിനു മുന്നിൽ ചാടിയത്. ഭാര്യ ലക്ഷ്മിയുടെ (23) കഴുത്തറുത്ത ശേഷം തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ച ഇയാൾ 7 വയസ്സുള്ള മകനെയും പരിക്കേൽപ്പിച്ചു.
പിന്നീട് ഭാര്യയുടെ മൃതദേഹം കിടന്ന മുറിയിൽ മകനെ പൂട്ടിയിട്ട ശേഷമാണ് ജീവനൊടുക്കിയത്. കുട്ടിയുടെ നിലവിളി കേട്ട് പരിസരവാസികളെത്തിയാണ് പൊലീസിൽ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. കുട്ടിയെ സഫ്ദർജങ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ലക്ഷ്മിയുടെ ബന്ധുക്കൾ ആഗ്രയിലേക്കു കൊണ്ടുപോയി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിഎൽഎഫ് എസിപി വികാസ് കൗശിക് പറഞ്ഞു.