എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും 5 വർഷത്തിനുള്ളിൽ വീട്: വാഗ്ദാനവുമായി മുഖ്യമന്ത്രി.
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും 5 വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ സർവീസിൽ പട്ടിക വിഭാഗത്തിനു മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ സമയബന്ധിത നടപടി സ്വീകരിക്കും. ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കും. ആദിവാസി ഊരുകളിൽ ഉൾപ്പെടെ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി പൊതു പങ്കാളിത്തത്തോടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. എല്ലായിടത്തും കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് സർവീസ് പ്രൊവൈഡർമാർ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും. തൊഴിൽ നൈപുണ്യ പരിശീലനം നൽകി 20,000 പേർക്ക് തൊഴിൽ ഉറപ്പാക്കും.
പട്ടിക വിഭാഗ സഹകരണ സംഘങ്ങൾ പുനരുജ്ജീവിപ്പിച്ച് കുടിശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. പോഷകാഹാരം ലഭിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. പട്ടിക വിഭാഗക്കാർക്കായി ആരോഗ്യ മേഖലയിലെ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്ന തിരുവനന്തപുരം പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കും. പട്ടികജാതി സംരംഭകർക്കായി ഗ്രീൻ സ്റ്റാർട്ടപ് പദ്ധതികൾ ആരംഭിക്കും.
കൂടാതെ,പട്ടിക വിഭാഗങ്ങളിലെ യുവ ഗവേഷകർക്ക് പ്രത്യേക ധനസഹായം നൽകും.
അധഃസ്ഥിതർക്കു നേരെ അതിക്രമവും അടിച്ചമർത്തലും വിവേചനവും വർധിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ അയ്യങ്കാളി അടക്കമുള്ളവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനു പ്രസക്തി ഏറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ അധ്യക്ഷത വഹിച്ചു. പന്തളം സുധാകരൻ, എസ്.പ്രഹ്‌ളാദൻ, രാമചന്ദ്രൻ മുല്ലശ്ശേരി, നെയ്യാറ്റിൻകര സത്യശീലൻ, കെ.രവികുമാർ, ഐസക് വർഗീസ്, എസ്.പി.മഞ്ജു, വിളപ്പിൽശാല പ്രേംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി,ആന്റണി രാജു, ജി.ആർ. അനിൽ, എംപിമാരായ കെ.സോമപ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എംഎൽഎമാരായ വി.ശശി, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .ഡി.സുരേഷ് കുമാർ തുടങ്ങിയവർചടങ്ങിൽ പങ്കെടുത്തു.