പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഹോമിയോപ്പതി വകുപ്പ് m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് വിഭാവനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. m-Homoeo ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും https://play.google.com/store/apps/details?id=org.keltron.ahims എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.
ഹോമിയോപ്പതി വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണ ക്ഷമത പരമാവധി വര്‍ദ്ധിപ്പിക്കാനും ഫലപ്രദമായ അവലോകന, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും സാധിക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്പെഷ്യല്‍ ഒപി സേവനങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാകും. സമീപ ഭാവിയില്‍ ഒ.പി, സ്പെഷ്യല്‍ ഒപി സേവനങ്ങള്‍ ഈ രീതിയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ടെലി മെഡിസിന് സൗകര്യം ഒരുക്കുന്നതിലൂടെ രോഗികള്‍ക്ക് സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ലഭ്യമാകുന്നു. സ്കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി പ്രതിരോധ ഔഷധങ്ങള്‍ രക്ഷകര്‍ത്താവിന്റെ സമ്മതത്തോടെ നല്‍കുന്നതിന് ഈ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.