Spread the love

ഹണി റോസ്- ബോബി ചെമ്മണ്ണൂർ കേസും വിവാദവും ചർച്ചയാകുന്നതിനിടെ റേച്ചൽ സിനിമയുടെ റിലീസ് മാറ്റിവച്ചു. ഹണി റോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 10ന് ആണ് റിലീസ് ചെയ്യാനിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു. റിലീസ് മാറ്റിവച്ചതിന് പിന്നിൽ ഹണി റോസ്- ബോച്ചെ വിവാദമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ റിലീസ് തീയതി എന്തുകൊണ്ടാണ് മാറ്റിവച്ചത് എന്നതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തിന്റെ മാർക്കറ്റിംഗിന് വേണ്ടിയാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തള്ളുകയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ് എൻഎം ബാദുഷ. സിനിമയുടെ സാങ്കേതികപരമായ ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും അതുകൊണ്ടാണ് റിലീസ് മാറ്റിവച്ചതെന്നും ബാദുഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

എൻഎം ബാദുഷയുടെ വാക്കുകളിലേക്ക്..
‘റേച്ചലിന്റെ സാങ്കേതികപരമായ ജോലികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ചിത്രത്തിന് സെൻസർഷിപ്പ് ലഭിച്ചിട്ടില്ല. അതിനുള്ള അപേക്ഷ പോലും ഇതുവരെ സമർപ്പിച്ചിട്ടില്ല. റിലീസ് തീയതിയുടെ 15 ദിവസങ്ങൾക്ക് മുമ്പാണ് സെൻസർഷിപ്പിന് അപേക്ഷിക്കേണ്ടത്. ഹണി റോസും അവരുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ല. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ അറിയിക്കും’- എൻഎം ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply