തിരൂർ ∙ കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖ് കൊല്ലപ്പെട്ടത് വിവാഹത്തിനും ഭാവിജീവിതത്തിനും പണം കണ്ടെത്താനായി പ്രതികളായ ഷിബിലിയും ഫർഹാനയും ചേർന്നൊരുക്കിയ ഹണി ട്രാപ്പിനിടെ. ശ്രമം പൊളിഞ്ഞാൽ സിദ്ദീഖിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളുമായാണ് പ്രതികൾ എത്തിയത്.
നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമം ചെറുത്തപ്പോൾ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നീട്, പ്രതികളായ ഷിബിലിയും ആഷിഖും ഫർഹാനയും ചേർന്നു നടത്തിയ ക്രൂരമർദനത്തിലാണ് സിദ്ദീഖ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഷിബിലിയുടെയും ഫർഹാനയുടെയും വിവാഹ ഒരുക്കങ്ങൾ നടന്നുവരികയായിരുന്നു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് 18ന് രാത്രിയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച മൃതദേഹം 2 ട്രോളി ബാഗുകളിലാക്കി സിദ്ദീഖിന്റെ തന്നെ കാറിൽ പ്രതികൾ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. മടങ്ങുംവഴി ചുറ്റികയും കട്ടറും ഉൾപ്പെടെയുള്ളവ പെരിന്തൽമണ്ണയിലെ ചീരട്ടാമലയിൽ ഉപേക്ഷിച്ചു. അവിടെനിന്ന് ചെറുതുരുത്തിയിലെത്തിയാണ് കാർ ഉപേക്ഷിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19) എന്നിവരെ അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ എഗ്മൂറിൽനിന്നും ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിഖിനെ (ചിക്കു–23) പാലക്കാട്ടുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്ന സംശയിക്കുന്ന ഫർഹാനയും കൊല്ലപ്പെട്ട സിദ്ദീഖും നേരത്തേ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഫർഹാനയുടെ പിതാവും സിദ്ദീഖും ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്ത് സുഹൃത്തുക്കളാണ്. ആ വഴി നേരത്തേ ഫർഹാനയ്ക്ക് സിദ്ദീഖിനെ അറിയാം.
ഹണി ട്രാപ്പിൽ കുടുക്കാനുള്ള പദ്ധതി തയാറാക്കിയത് മൂവരും ചേർന്നാണെന്നും പൊലീസ് പറഞ്ഞു. എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിൽ ഫർഹാനയുടെ നിർദേശപ്രകാരമാണ് സിദ്ദീഖ് 2 മുറിയെടുത്തത്. 3 പ്രതികളും കുറച്ചുസമയം ഒരുമിച്ചുണ്ടായിരുന്നു. വൈകിട്ട് ഫർഹാനയും സിദ്ദീഖും സംസാരിച്ചിരിക്കുമ്പോൾ മറ്റു 2 പ്രതികളുമെത്തി.
നഗ്നനാക്കി ചിത്രം പകർത്താനുള്ള ശ്രമം സിദ്ദീഖ് ചെറുത്തു. ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങിയില്ല.ബാഗിൽ കരുതിയിരുന്ന ചുറ്റിക ഫർഹാന ഷിബിലിക്ക് നൽകുകയും അതുപയോഗിച്ച് ഷിബിലി സിദ്ദീഖിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് നടന്ന ക്രൂരമർദനത്തിനൊടുവിലാണു സിദ്ദീഖ് മരിച്ചത്. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ സിദ്ദീഖിന്റെ എടിഎം കാർഡുകൾ, ആധാർ കാർഡ്, കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക, ഇലക്ട്രിക് കട്ടർ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.