ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടിക്രമങ്ങള്‍ക്കായി ശ്രീനാഥിനെ വീണ്ടും വിളിച്ചുവരുത്തും. നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി.
നേരത്തെ, നടന്മാരെ 12 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. കേസിലെ പ്രതിയായ തസ്ലീമ ശ്രീനാഥ് ഭാസിയോട് ലഹരിവേണോയെന്ന് ചോദിച്ചിരുന്നു. ഇതിന് വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഈ ചാറ്റ് എക്‌സൈസ് ശേഖരിച്ചിരുന്നു.
രണ്ടുകോടിയിലധികം രൂപയുടെ കഞ്ചാവാണ് ആലപ്പുഴയിലേക്ക് തസ്ലീമ കൊണ്ടുവന്നത്. എറണാകുളത്ത് ഒരു ഡീല്‍ ഉറപ്പിച്ചെങ്കിലും കഞ്ചാവ് കൊണ്ടുവരാന്‍ വൈകിയതോടെ വാങ്ങാനെത്തിയവര്‍ പിന്മാറി. ഇതോടെയാണ് എങ്ങനെയെങ്കിലും വില്‍ക്കുക എന്ന ലക്ഷ്യത്തോടെ കഞ്ചാവ് ആലപ്പുഴയിലേക്ക് എത്തിച്ചത്
കോഡ് വാക്കുകളിലൂടെ കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ പലര്‍ക്കും സന്ദേശം അയച്ചിരുന്നു. ഇതിലൊരാളാണ് ശ്രീനാഥ് ഭാസി എന്നാണ് കരുതുന്നത്. തസ്ലീമയെ അറിയാമെങ്കിലും ലഹരി ഇടപാട് നടത്തിയിട്ടില്ലെന്ന ശ്രീനാഥ് ഭാസിയുടെ മൊഴി എക്‌സൈസ് സംഘം വിശ്വാസത്തിലെടുത്തിട്ടുണ്ട്.
നടന്മാരെ പ്രതിചേര്‍ക്കില്ലെങ്കിലും നിരീക്ഷണം തുടരാന്‍ എക്‌സൈസ് തീരുമാനിച്ചിരുന്നു. ഇവരില്‍നിന്ന് എക്‌സൈസിനെ സഹായിക്കുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മോഡല്‍ സൗമ്യ, റിയാലിറ്റി ഷോ താരം ജിന്റോ, സിനിമാ അണിയറ പ്രവര്‍ത്തകന്‍ ജോഷി എന്നിവരെ എക്‌സൈസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.