ഹോർട്ടി കോർപ്പിന്‍റെ രുചികരമായ ‘ വാട്ടുകപ്പ’ വിപണിയിൽ
കപ്പ കർഷകർക്ക് കൈത്താങ്ങായി ഹോർട്ടി കോർപ്പിന്‍റെ ‘വാട്ടുകപ്പ’ വിപണിയിൽ എത്തിച്ചു. കർഷകരിൽ നിന്നും
സംഭരിച്ച കപ്പ സഹകരണസംഘങ്ങളുടെ സഹായത്തോടെ ഉണക്ക് യന്ത്രങ്ങളുടെ സഹായത്തോടെ
വാട്ടുകപ്പയാക്കി മാറ്റി, പാക്കറ്റുകളിലാക്കിയാണ് എത്തിക്കുന്നത്. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ,
വ്യക്തിഗത സംരംഭകർ എന്നിവരും സംരംഭത്തിൽ പങ്കാളികളാകുന്നു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് വിവിധ വിളകൾ കൃഷി ചെയ്തു.
കപ്പ കൃഷിയിലാണ് വിപ്ലവകരമായ വർധന ഉണ്ടായത്. ഇത്തരത്തിൽ 13,000 ടൺ കപ്പയാണ് അധികമായി
ഉത്പാദിപ്പിച്ചത്. കൊവിഡ് പ്രതിസന്ധി കൂടി വന്നതോടെ കർഷകർക്ക് വിപണി കണ്ടെത്താനും സാധിക്കാതായി.
ഈ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ച് 12 രൂപ നിരക്കിൽ ഹോർട്ടി കോർപ്പ് കപ്പ സംഭരിച്ചത്.
ഒരു ടൺ പച്ചക്കപ്പ സംഭരിക്കുമ്പോൾ ഏകദേശം 15 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അധിക ഉത്പാദനത്തിലൂടെ
സംഭരിച്ച മുഴുവൻ കപ്പയും ഇത്തരത്തിൽ സംസ്കരിച്ച് വിപണിയിൽ എത്തിക്കുമ്പോൾ കൂടുതൽ തൊഴിലവസരം ഉണ്ടാകും.
വിപണി കണ്ടെത്താനാവാത്ത മറ്റ് വിളകളെയും ഇത്തരത്തിൽ ഭക്ഷ്യോത്പന്നമാക്കാനും ആലോചനയുണ്ട്.
നിലവിൽ 500 ഗ്രാമിന്‍റെ ഒരു പാക്കറ്റിന് 50 രൂപയാണ് വില. കേന്ദ്ര കിഴങ്ങു വിള ഗവേഷണ നിലയത്തിലെ സാങ്കേതിക വിദ്യ
ഉപയോഗിച്ചാണ് മരച്ചീനി പ്രാഥമിക സംസ്കരണം നsത്തി വാട്ടുകപ്പയാക്കുന്നത്. 100 ഗ്രാം വാട്ട് കപ്പയിൽ 87.5 ഗ്രാം അന്നജവും
2.5 ഗ്രാം മാംസ്യവും 0.75 ഗ്രാം കൊഴുപ്പും 4 ഗ്രാം ദഹന നാരും ഉണ്ടാകുമെന്നാണ് കണക്ക്.
വാട്ടുകപ്പ ഏകദേശം ആറു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.
വാട്ടുകപ്പ ‘യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവ്വഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്‍റെ
അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും പങ്കെടുത്തു.
കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി ഐ.എ.എസ്, കൃഷി വകുപ്പ് സെക്രട്ടറി
ഡോ: രത്തൻ കേൽക്കർ ഐ.എ.എസ്, ഹോർട്ടികോർപ്പ് എം.ഡി. ജെ.സജീവ്, ജില്ലാ മാനേജർ പ്രദീപ് എന്നിവർ പങ്കെടുത്തു