Spread the love

ചെന്നൈ: ​ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ (എസ്പിബി) ആരോഗ്യസ്ഥിതി മോശമായി. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്നു ചെന്നൈയിലെ എംജിഎം ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. പരമാവധി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് സെപ്തംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാർത്ത പുറത്തു വന്നു. കൊവിഡ് മുക്തനായെങ്കിലും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണെന്നും അന്ന് മകൻ എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Leave a Reply