അറ്റമൊരിഞ്ഞതും നടുഭാഗം പതുപതുത്ത അപ്പം കഴിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. എന്നാൽ പലപ്പോഴും അപ്പം അത്ര പെർഫെക്ടായി കിട്ടണമെന്നില്ല. ക്രിസ്മസിന് പാലപ്പം ഇല്ലാതെ ആഘോഷവുമില്ല. അപ്പോൾ എന്ത് ചെയ്യുമെന്നോർത്ത് ടെൻഷൻ അടിച്ചിരിക്കുന്നവർക്ക് പരിഹാരമുണ്ട്.
സംഭവം ‘കപ്പി കാച്ചലാണ്’, കേൾക്കുമ്പോൾ ഒരു ചിരി വിടർന്നാലും സംഭവം കിടിലനാണ്, അച്ചായന്മാരുടെ സൂത്രപ്പണിയാണ്. മാവോ അല്ലെങ്കിൽ അരിപ്പൊടിയോ വെള്ളത്തിൽ കലക്കി ചെറുതീയിൽ വച്ച് കുറുക്കിയെടുക്കുന്നതാണ് പരിപാടി. പിറ്റേന്ന് അപ്പം ചുടാൻ നേരത്തെ പുളിച്ച് പൊങ്ങിയ മാവിൽ ഉപ്പും പഞ്ചസാരയും ചേർക്കും. എന്നിട്ട് ചുട്ടെടുക്കുന്ന അപ്പമാണ് അപ്പം… റെസിപ്പി ഇതാ..
ചേരുവകൾ
പച്ചരി- ഒരു കപ്പ്
ഉഴുന്ന്- കാൽ കപ്പ്
വെള്ളം-രണ്ട് കപ്പ്
സോഡാപ്പൊടി- അൽപ്പം
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കേണ്ടത് ഇങ്ങനെ..
അരിയും ഉഴുന്നും അഞ്ച് മണിക്കൂർ കുതിർത്ത് വയ്‌ക്കുക. തരിയില്ലാതെ അരച്ചെടുക്കുക. രണ്ട് കപ്പ് വെള്ളം ചേർത്ത് അരച്ചെടുക്കാം. അരച്ചുവെച്ച മാവിൽ നിന്ന് കാൽ കപ്പ് മാവി കപ്പി കാച്ചാനായി മാറ്റി വയ്‌ക്കുക. ഇതിന് ശേഷം ഉഴുന്നും അരച്ചെടുക്കുക.
മാറ്റി വച്ച മാവിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. അടുപ്പിൽ വച്ച് കുറുക്കിയെടുക്കുക. ചൂടാറിയ ശേഷം കപ്പി കാച്ചിയതും അൽപ്പം മാവ് ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. മിക്സ് ചെയ്ത് 9 മണിക്കൂർ പുളിക്കാൻ വയ്‌ക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ചൂടായ ചട്ടിയിലേക്ക് മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കുക. ക്രിസ്മസിന് മട്ടൻ സ്റ്റൂവും പാലപ്പവുമാണ് താരം. രുചികരമായ മട്ടൻ സ്റ്റൂവിനൊപ്പം പാലപ്പം കഴിക്കാം.